Saturday 31 March 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 39


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

“നിങ്ങളെ സമ്മതിക്കണം ലിയാം... പുലിയുടെ മടയിലല്ലേ ചെന്ന് കയറിയത്...” റയാൻ പറഞ്ഞു.

“വെൽ... ഇതുവരെ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു...” ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, അധികം നാൾ അവിടെ തങ്ങാൻ പറ്റില്ല... അപകടം ക്ഷണിച്ചു വരുത്തുകയാവും നാം ചെയ്യുന്നത്...”

“പക്ഷേ, ഇന്ന് വൈകിട്ട് വീണ്ടും പോകുന്നു എന്നല്ലേ പറഞ്ഞത്...?”

“അതെ... പോയേ തീരൂ... സ്റ്റെയ്നറുമായി വിശദമായി ഒന്ന് സംസാരിക്കുവാൻ ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കുമത്...”

എല്ലാം കേട്ടു കൊണ്ട് മേശയ്ക്കരികിൽ ഇരിക്കുകയായിരുന്ന മേരി പ്രതിഷേധിച്ചു. “പക്ഷേ, മിസ്റ്റർ ഡെവ്‌ലിൻ... ആ കൂട്ടിൽ ഇരുന്നു കൊണ്ട് വിശ്വാസികളുടെ കുമ്പസാരം കേൾക്കുക... അതും അവരിൽ പലരും കന്യാസ്ത്രീകളും ആയിരിക്കെ... കൊടിയ പാപമാണത്...”

“എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല മേരീ... അത് ചെയ്തേ തീരൂ... ആ പാവം വൃദ്ധനെ ഇങ്ങനെ വിഡ്ഡിയാക്കുന്നത് എനിക്ക് ഇഷ്ടമുണ്ടായിട്ടാണെന്നാണോ നീ കരുതിയത്...?”

“എന്തൊക്കെ പറഞ്ഞാലും പൊറുക്കാൻ കഴിയാത്ത പാപമാണ് നിങ്ങൾ ചെയ്യാൻ പോകുന്നത്...” നീരസത്തോടെ എഴുന്നേറ്റ് അവൾ അടുത്ത മുറിയിലേക്ക് നടന്നു. ഒരു റെയിൻകോട്ടും ധരിച്ച് അടുത്ത നിമിഷം തിരിച്ചെത്തിയ അവൾ ദ്വേഷ്യത്തോടെ പുറത്തേക്ക് പോയി.

“അവൾ ചിലപ്പോൾ അങ്ങനെയാണ് ലിയാം... ക്ഷിപ്രകോപിയാകും...” റയാൻ പറഞ്ഞു.

“അത് സാരമില്ല... നമുക്ക് വേറെ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്... കാർവറുമായുള്ള ഇന്ന് രാത്രിയിലെ എന്റെ കൂടിക്കാഴ്ച്ച... ബ്ലാക്ക് ലയൺ ഡോക്ക്... നിങ്ങളുടെ ബോട്ടിൽ അങ്ങോട്ട് പോകാൻ സാധിക്കുമോ...?”

“ആ സ്ഥലം എനിക്ക് നന്നായിട്ടറിയാം... ഏതാണ്ട് അര മണിക്കൂർ എടുക്കും... പത്തു മണിക്കെന്നല്ലേ പറഞ്ഞത്...?”

“അതെ... പക്ഷേ, അല്പം നേരത്തെ അവിടെയെത്തണം എനിക്ക്... ചുറ്റുപാടുകളൊക്കെ ഒന്ന് നോക്കി വിലയിരുത്തണം... മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്...?”

“എങ്കിൽ നാം ഒമ്പത് മണിക്കെങ്കിലും ഇറങ്ങണം... പ്രിയോറിയിൽ നിന്ന് എന്തായാലും അതിന് മുമ്പ് എത്താൻ കഴിയുമല്ലോ...?”

“എന്നാണ് പ്രതീക്ഷ...” ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “പിന്നെ... ഷാ പാലസിലേക്ക് നിങ്ങളുടെ ടാക്സിയിൽ പോകുന്നത് ശരിയല്ല മൈക്കിൾ... റോംനി മാർഷിൽ ഒരു ലണ്ടൻ ബ്ലാക്ക് ക്യാബിന്റെ സാന്നിദ്ധ്യം സംശയം ജനിപ്പിക്കും... നിങ്ങളുടെ ഈ ഫോർഡ് വാൻ എങ്ങനെ...? നല്ല കണ്ടീഷനിലാണോ...?”

“തീർച്ചയായും... ഞാൻ പറഞ്ഞിരുന്നല്ലോ... ഇടയ്ക്കൊക്കെ ഞാനത് ഉപയോഗിക്കാറുണ്ട്...”

“വളരെ പ്രധാനപ്പെട്ട ഒരു കാര്യം... സ്റ്റെയ്നറെയും കൊണ്ട് ഞാൻ പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ നമ്മുടെ നീക്കം അതിവേഗമായിരിക്കണം... ഷാ പാലസിലേക്ക് എത്താൻ രണ്ട് മണിക്കൂർ... അവിടെ വെയ്റ്റ് ചെയ്യുന്ന വിമാനത്തിൽ ഫ്രാൻസിലേക്ക്... എന്താണ് സംഭവിച്ചതെന്ന് അധികാരികൾ അറിഞ്ഞു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും... അവിടെയാണ് നിങ്ങളുടെ ഫോർഡ് വാൻ എനിക്ക് ആവശ്യം വരുന്നത്... ഓർക്കുക... അതൊരു വൺവേ ട്രിപ്പ് ആയിരിക്കും... ആ വാൻ അവിടെ നിന്നും തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നത് അപകടകരമായിരിക്കും...”

റയാൻ പുഞ്ചിരിച്ചു. “കിട്ടാക്കടത്തിന് പകരമായി ബ്രിക്സ്ടണിലെ ഒരു വാഹനവ്യാപാരിയുടെ പക്കൽ നിന്നും ഞാൻ എടുത്തു കൊണ്ടുവന്ന വാൻ ആണിത്... ഇതിന്റെ രജിസ്ട്രേഷൻ ബുക്കും നമ്പർ പ്ലേറ്റും എല്ലാം വ്യാജമാണ്... അതുകൊണ്ട് വാഹനത്തിന്റെ രേഖകൾ വച്ചു കൊണ്ട് എന്നിലേക്ക് എത്തിച്ചേരുവാൻ അന്വേഷണോദ്യോഗസ്ഥർക്ക് ഒരിക്കലും കഴിയില്ല... പിന്നെ, എൻജിനുകളിൽ എനിക്കുള്ള പ്രാഗത്ഭ്യം നിങ്ങൾക്കറിയാമല്ലോ... അത് എന്റെ ഒരു ഹോബിയാണ്... നല്ല കണ്ടീഷനിൽത്തന്നെയാണ് വാഹനം ഇപ്പോഴും...”

“അങ്ങനെയെങ്കിൽ അതിന്റെ പേരിൽ ഒന്നോ രണ്ടോ ഡ്രിങ്ക്സ് എന്റെ വക...” ഡെവ്‌ലിൻ എഴുന്നേറ്റു. “ഇനി ഞാൻ ചെന്ന് നിങ്ങളുടെ അനന്തിരവളുമായി സമാധാനം പുനഃസ്ഥാപിക്കട്ടെ...”

മേലാപ്പിന് താഴെ ജെട്ടിയിൽ കിടക്കുന്ന ബോട്ടിനുള്ളിൽ ഏതോ പുസ്തകവും വായിച്ചുകൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. പടവുകൾ ഇറങ്ങി ഡെവ്‌ലിൻ ബോട്ടിനരികിലെത്തി.

“ഇത്തവണ ഏത് പുസ്തകമാണ്...?” അദ്ദേഹം ചോദിച്ചു.

“ദി മിഡ്നൈറ്റ് കോർട്ട്...” നിർവ്വികാരതയോടെ അവൾ പറഞ്ഞു.

“ഐറിഷോ അതോ ഇംഗ്ലീഷ് പരിഭാഷയോ...?”

“ഐറിഷ് എന്റെ പക്കൽ ഇല്ല...”

“അത് കഷ്ടമായിപ്പോയി... ഐറിഷ് ഭാഷയിലുള്ള ആ കാവ്യത്തിലെ ഒറ്റ വരി പോലും വിടാതെ കാണാപാഠമായിരുന്നു എനിക്ക്... അത് കണ്ടിട്ട് അമ്മാവൻ എനിക്ക് ഒരു ബൈബിൾ തന്നെ സമ്മാനിച്ചിട്ടുണ്ട്... വൈദികനായിരുന്നു അദ്ദേഹം...” ഡെവ്‌ലിൻ പറഞ്ഞു.

“ഇന്ന് വൈകിട്ട് നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞാൽ നിങ്ങളുടെ ഈ അമ്മാവൻ എന്തായിരിക്കും പറയുക എന്നറിയാൻ എനിക്കാഗ്രഹമുണ്ട്...” അവൾ പറഞ്ഞു.

“ഓ, അതെനിക്ക് നന്നായിട്ടറിയാം... അദ്ദേഹം എന്നോട് പൊറുക്കും...” പടവുകൾ കയറി ഡെവ്‌ലിൻ വീട്ടിനുള്ളിലേക്ക് നടന്നു.

                                                               ***
വയലറ്റ് നിറമുള്ള ളോഹയണിഞ്ഞ് പൂർണ്ണ വൈദിക വേഷത്തിൽ ഡെവ്‌ലിൻ കുമ്പസാരക്കൂട്ടിൽ ഇരുന്നു. പുരുഷന്മാരായ രണ്ട് അന്തേവാസികളുടെയും പിന്നെ നാല് കന്യാസ്ത്രീകളുടെയും കുമ്പസാരം ആയിരുന്നു അദ്ദേഹത്തിന് ആദ്യം കേൾക്കേണ്ടി വന്നത്. പറയത്തക്ക വലിയ പാപങ്ങൾ ഒന്നും ആയിരുന്നില്ല അവയെങ്കിലും തന്നാൽ ആവും വിധം അവരുടെ മനസ്സിന് ആശ്വാസം പകരുവാൻ ഡെവ്‌ലിൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനത്തെയാളും പോയ്ക്കഴിഞ്ഞതോടെ അവിടെങ്ങും നിശബ്ദത നിറഞ്ഞു. അല്പം കഴിഞ്ഞതും ചാപ്പലിന്റെ വാതിൽ തുറക്കപ്പെട്ടു. ആർമി ബൂട്ടുകളുടെ പാദപതനം അടുത്തടുത്തു വന്നു.

കുമ്പസാരക്കൂടിന്റെ വാതിൽ തുറക്കപ്പെടുകയും അടയ്ക്കപ്പെടുകയും ചെയ്തു. അടുത്ത നിമിഷം കിളിവാതിലിനപ്പുറത്തെ ഇരുട്ടിൽ നിന്നും സ്റ്റെയ്നറുടെ സ്വരം കേൾക്കാറായി. “ഞാൻ ചെയ്ത പാപങ്ങളിൽ നിന്നും മോചിപ്പിച്ച് എന്നെ അനുഗ്രഹിച്ചാലും ഫാദർ...”

“അത്രയൊന്നും അനുഗ്രഹങ്ങൾ എന്റെ കൈവശം ഇല്ലല്ലോ കേണൽ...” ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട്  കിളിവാതിലിലൂടെ സ്റ്റെയ്നറെ നോക്കി ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“മിസ്റ്റർ ഡെവ്‌ലിൻ.... നിങ്ങൾ എങ്ങനെ ഈ കോലത്തിലായി...?” സ്റ്റെയ്നർ ചോദിച്ചു.

“അല്പം ചില മാറ്റങ്ങൾ... ചെന്നായ്ക്കളുടെ പിടിയിൽ പെടാതിരിക്കാൻ...” തന്റെ നരച്ച മുടിയിഴകളിലൂടെ ഡെവ്‌ലിൻ വിരലോടിച്ചു. “നിങ്ങൾക്കെങ്ങനെയുണ്ടിപ്പോൾ...?”

“എനിക്ക് കുഴപ്പമൊന്നുമില്ല...” സ്റ്റെയ്നർ പറഞ്ഞു. “എങ്ങനെയും നിങ്ങൾ ഇവിടെയെത്തുമെന്ന് തന്നെയാണ് ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടൽ... സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവിലെ ഒരു ബ്രിഗേഡിയർ മൺറോ എന്നെ ഇന്റർവ്യൂ ചെയ്തിരുന്നു... ഞാൻ ഇവിടെ ലണ്ടനിലുള്ള കാര്യം ബെർലിനിൽ എത്തിക്കുവാനുള്ള എല്ലാ നടപടികളും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്... സ്പാനിഷ് എംബസിയിലെ ഉദ്യോഗസ്ഥനായ ഒരു വർഗാസ് വഴി... അവർക്ക് വേണ്ടി ചാരപ്പണി നടത്തുകയാണ് ഈ വർഗാസ്...”

“അക്കാര്യം ഞാൻ അറിഞ്ഞിരുന്നു.... വർഗാസ്... ബാസ്റ്റർഡ്...” ഡെവ്‌ലിൻ പറഞ്ഞു.

“രണ്ട് കാര്യങ്ങളാണ് അവർ എന്നോട് പറഞ്ഞത്... എന്നെ മോചിപ്പിക്കുന്നതിനുള്ള പ്ലോട്ടിന്റെ ചുമതല ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിനാണെന്നും അതിനായി അദ്ദേഹം നിങ്ങളെയായിരിക്കും ഉപയോഗിക്കുക എന്നും... ഏത് നിമിഷവും നിങ്ങൾ ഇവിടെയെത്തും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് ഇന്റലിജൻസ്...”

“അതെ... അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ഇന്റലിജൻസിനെ ഞാൻ അവരുടെ വഴിക്ക് വിട്ടു... കൂടുതൽ വിവരങ്ങൾക്കായി വർഗാസിന് ഇപ്പോഴും ബെർലിനിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്... ഞാൻ ഇപ്പോഴും ബെർലിനിൽത്തന്നെയാണെന്നാണ് അവരുടെ വിചാരം...”

“ഗുഡ് ഗോഡ്...!” സ്റ്റെയ്നർ ആശ്ചര്യം കൊണ്ടു.

“നിങ്ങൾക്ക് അകമ്പടിയായി എത്ര മിലിട്ടറി പോലീസുകാരുണ്ട് പുറത്ത്...?”

“രണ്ട്... സാധാരണയായി ലെഫ്റ്റ്നന്റ് ബെൻസൻ മാത്രമേ ഉണ്ടാകാറുള്ളൂ... ഇപ്പോൾ അയാൾ ലീവിലാണ്...”

“റൈറ്റ്... രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്നും നിങ്ങളെ പുറത്ത് എത്തിക്കാം എന്നാണ് ഞാൻ കരുതുന്നത്... താഴത്തെ നിലവറ വഴിയായിരിക്കും നാം രക്ഷപെടുക... അതിനുള്ള വഴികളൊക്കെ ഞാൻ കണ്ടുവച്ചിട്ടുണ്ട്... നദിയിൽ ഒരു ബോട്ട് കാത്തുകിടപ്പുണ്ടാകും... പിന്നെ കാറിൽ രണ്ട് മണിക്കൂർ യാത്ര... ഫ്രാൻസിൽ നിന്നും അവിടെയെത്തുന്ന വിമാനത്തിൽ നാം ബ്രിട്ടനിൽ നിന്നും പുറത്ത് കടക്കുന്നു...”

“ഐ സീ... എല്ലാം വളരെ നന്നായി ഓർഗനൈസ് ചെയ്തിട്ടുണ്ടല്ലോ... ഓപ്പറേഷൻ ഈഗിളിനെപ്പോലെ... എന്നിട്ടറിയാമല്ലോ എന്താണ് സംഭവിച്ചതെന്ന്...”

“ശരിയാണ്... പക്ഷേ, ഇവിടെ ദൗത്യത്തിന്റെ ചുമതല എനിക്കാണെന്നൊരു വ്യത്യാസമുണ്ട്...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. “നാം രക്ഷപെടാൻ ഉദ്ദേശിക്കുന്ന ദിവസം വൈകിട്ട് നിങ്ങൾ ഇതുപോലെ കുമ്പസാരത്തിനായി എത്തണം... പതിവ് സമയത്ത് തന്നെ...”

“അത് ഞാനെങ്ങനെ അറിയും...?”

“നിങ്ങളുടെ ജാലകത്തിൽ നിന്നും നദിയിലേക്ക് നോക്കുമ്പോൾ കാണുന്ന ആ ദൃശ്യം... ആ ചെറിയ ബീച്ചിലേക്കുള്ള പടവുകൾ... ഓർക്കുന്നില്ലേ...?”

“ആഹ്... യെസ്...”

“നാം രക്ഷപെടുവാൻ ഉദ്ദേശിക്കുന്ന ദിവസം ആ പടവുകളുടെ മുകൾഭാഗത്തെ മതിലിനരികിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടാകും... ഒരു പഴയ റെയിൻകോട്ടും കറുത്ത തുണിത്തൊപ്പിയുമായിരിക്കും അവൾ ധരിച്ചിട്ടുണ്ടാകുക... കൃത്യമായി പറഞ്ഞാൽ ഉച്ച നേരത്ത്... അതുകൊണ്ട് എന്നും മദ്ധ്യാഹ്നമാകുമ്പോൾ അങ്ങോട്ട് നോക്കുവാൻ മറക്കണ്ട... അവളെ തിരിച്ചറിയാൻ വളരെ എളുപ്പമാണ് കേണൽ... പ്രകടമായ മുടന്തുണ്ട് അവൾക്ക്... അതുകൊണ്ട് തെറ്റിപ്പോകുന്ന പ്രശ്നമില്ല...”

“അപ്പോൾ എന്ന് ഞാൻ അവളെ അവിടെ കാണുന്നോ, അന്ന് രാത്രി നാം രക്ഷപെടുന്നു...?” സ്റ്റെയ്നർ സംശയിച്ചു. “അപ്പോൾ ഇവിടെയുള്ള മിലിട്ടറി പോലീസുകാർ...?”

“അതൊന്നും ഒരു പ്രശ്നമേയല്ല...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ഇനി കന്യാമറിയത്തിന് മൂന്ന് സ്തുതിയും പിതാവിന് രണ്ട് സ്തുതിയും... എനിക്ക് പോകാൻ സമയമായി...”

ഡെവ്‌ലിൻ ലൈറ്റ് അണച്ചു. അപ്പുറത്തെ കതക് വലിച്ച് അടയ്ക്കുന്ന സ്വരവും ആരുടെയൊക്കെയോ അടക്കം പറച്ചിലും കേട്ടു. മിലിട്ടറി ബൂട്ട്സിന്റെ ശബ്ദം വീണ്ടും. ചാപ്പലിന്റെ വാതിൽ തുറന്ന് വീണ്ടും അടഞ്ഞു.

കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തു വന്ന ഡെവ്‌ലിൻ അൾത്താരയുടെ നേർക്ക് നീങ്ങി. “ദൈവമേ, എന്നോട് പൊറുക്കേണമേ...” അദ്ദേഹം മന്ത്രിച്ചു.

പോകുന്ന വഴിയിൽ നിലവറയിലേക്കുള്ള വാതിലിന്റെ ഓടാമ്പൽ ഡെവ്‌ലിൻ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു. തുറന്നു തന്നെയാണ് കിടക്കുന്നത്. പൂജാമുറിയിലെത്തി തന്റെ ട്രെഞ്ച് കോട്ട് എടുത്ത് അദ്ദേഹം പുറത്തേക്ക് നടന്നു.

                                                            ***
വാതിൽക്കൽ നിൽക്കുന്ന റയാന്റെ മുന്നിൽ വച്ചു തന്നെ ഡെവ്‌ലിൻ തന്റെ വൈദികവേഷം മാറ്റി കറുത്ത ടി-ഷർട്ടും സ്വെറ്ററും അണിഞ്ഞു. ശേഷം, വലതു കാലുറ മുകളിലേക്കുയർത്തി കൈത്തോക്കിന്റെ ഉറ കാലിൽ കെട്ടി വച്ച് അതിന്റെ അടിഭാഗത്തേക്ക് സോക്സിന്റെ മുകൾഭാഗം വലിച്ചുകയറ്റി. പിന്നെ തന്റെ സ്മിത്ത് & വെസൺ 0.38 റിവോൾവർ ഉറയിലേക്ക് തിരുകി, കാലുറ താഴോട്ട് വലിച്ചിട്ടു.

“അത്യാവശ്യം വന്നാൽ ഉപയോഗിക്കാനാണ്...” റയാൻ നൽകിയ ലെതർ കോട്ട് എടുത്തണിയവെ ഡെവ്‌ലിൻ പറഞ്ഞു. പിന്നെ സ്യൂട്ട്കെയ്സ് തുറന്ന് അഞ്ച് പൗണ്ടിന്റെ നോട്ടുകെട്ടുകൾ എടുത്ത് ജാക്കറ്റിന്റെ ഉള്ളിലെ പോക്കറ്റിൽ തിരുകി.

താഴത്തെ നിലയിൽ എത്തുമ്പോൾ മേശയ്ക്കരികിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മേരി. “ആ പാത്രത്തിൽ അല്പമെങ്കിലും ചായ ഉണ്ടാകുമോ...?” ഡെവ്‌ലിൻ ചോദിച്ചു.

“ഒരു കവിൾ ഉണ്ടാകും... നമ്മൾ ഇറങ്ങുകയാണോ...?” കപ്പിലേക്ക് ചായ പകർന്നുകൊണ്ട് അവൾ ചോദിച്ചു.  

കിച്ചൺ ടേബിളിന്റെ ഡ്രോയർ തുറന്ന് ല്യൂജർ പിസ്റ്റൾ പുറത്തെടുത്ത് ഒന്ന് പരിശോധിച്ചിട്ട് ഡെവ്‌ലിൻ ജാക്കറ്റിനുള്ളിൽ തിരുകി. “മൈ ഡിയർ ഗേൾ... ഇത്തവണ നീ എങ്ങോട്ടും പോകുന്നില്ല കുട്ടീ...” ചായ മോന്തിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

പ്രതിഷേധിക്കാൻ തുനിഞ്ഞ അവളുടെ നേരെ റയാൻ കണ്ണുരുട്ടി. “അദ്ദേഹം പറയുന്നത് ശരിയാണ് മകളേ... സാഹചര്യങ്ങൾ മോശമാകാൻ സാദ്ധ്യതയുണ്ട്... ഇതിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നിനക്ക് നല്ലത്...”

ജെട്ടിയിലേക്കുള്ള പടവുകളിറങ്ങി ഇരുവരും ബോട്ടിൽ കയറുന്നത് മനസ്സില്ലാ മനസോടെ അവൾ നോക്കി നിന്നു. റയാൻ എൻജിൻ സ്റ്റാർട്ട് ചെയ്യവെ ആ ചെറിയ വീൽ‌ഹൗസിലേക്ക് കയറിയ ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി അയാളുടെ അരികിൽ നിന്നു.

“അവളോട് പറഞ്ഞ കാര്യം നിങ്ങൾക്കും ബാധകമാണ് മൈക്കിൾ...” ഡെവ്‌ലിൻ പറഞ്ഞു. “ഇതിൽ നിന്നും വിട്ടു നിൽക്കുക... ഇത് എന്റെ മാത്രം ഇടപാടാണ്... നിങ്ങളുടെയല്ല...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday 24 March 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 38


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പിറ്റേന്ന് പ്രഭാതം... അൾത്താരയുടെ അഴികൾക്കിപ്പുറം മുട്ടുകുത്തി നിന്ന് കണ്ണുകളടച്ച് ഫാദർ മാർട്ടിൻ പ്രാർത്ഥനയിൽ മുഴുകി. വല്ലാതെ ക്ഷീണിതനായിരുന്നു അദ്ദേഹം. വർഷങ്ങളോളം നീണ്ട തന്റെ തപസ്യയിൽ മുമ്പെങ്ങും ഇത്രയും ക്ഷീണം അനുഭവപ്പെട്ടിട്ടില്ല. ജീവിതകാലമത്രയും അടിപതറാതെ താൻ സ്നേഹിച്ച ദൈവത്തോട് മനമുരുകി അദ്ദേഹം പ്രാർത്ഥിച്ചു... നിവർന്ന് നിൽക്കുവാനുള്ള ശക്തിയെങ്കിലും തനിക്ക് നൽകേണമേ എന്ന്...

‘I will bless the Lord who gives me counsel, who even at night directs my heart. I keep the Lord ever in my sight...’   ഇടറുന്ന സ്വരത്തിൽ അത്രയും ഉറക്കെ ചൊല്ലിയ അദ്ദേഹം അതിന്റെ ശേഷിക്കുന്ന ഭാഗം ഓർമ്മിക്കാനാവാതെ കുഴങ്ങി.  

‘Since he is at my right hand I shall stand firm...’   ഗാംഭീര്യം തുളുമ്പുന്ന സ്വരത്തിൽ അതിന്റെ ശേഷം ഭാഗം കേട്ട് ഫാദർ മാർട്ടിൻ തിരിഞ്ഞു നോക്കി. ഇടതുകൈത്തണ്ടയിൽ മടക്കിയിട്ടിരിക്കുന്ന ട്രെഞ്ച് കോട്ടുമായി തന്റെ യൂണിഫോമിൽ അവിടെ നിൽക്കുന്നുണ്ടായിരുന്നു ഡെവ്ലിൻ.

മേജർ...?” തന്നെ കണ്ട് പതുക്കെ എഴുന്നേൽക്കുവാൻ തുനിഞ്ഞ ഫാദർ മാർട്ടിനെ ഡെവ്ലിൻ ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു.

അല്ലെങ്കിൽ ഫാദർ എന്നും വിളിക്കാം... യൂണിഫോം ഒരു ഇടത്താവളം മാത്രമാണ്... ഞാൻ കോൺലൺ... ഹാരി കോൺലൺ...” ഡെവ്ലിൻ പറഞ്ഞു.

ഞാൻ ഫ്രാങ്ക് മാർട്ടിൻ... ദേവാലയത്തിലെ വൈദികനാണ്... എന്ത് സഹായമാണ് ഞാൻ താങ്കൾക്ക് ചെയ്യേണ്ടത്...?”

പ്രത്യേകിച്ച് ഒന്നും തന്നെയില്ല ഫാദർ... ഞാൻ ഒരു നീണ്ട അവധിയിലാണ്... സിസിലിയിൽ വച്ച് പരിക്കേറ്റതിനെത്തുടർന്ന്...” ഡെവ്ലിൻ പറഞ്ഞു. “ഇവിടെ അടുത്തുള്ള ചില സുഹൃത്തുക്കളോടൊപ്പം ഏതാനും ദിവസങ്ങൾ ചെലവഴിക്കാൻ എത്തിയതാണ്... സെന്റ് പാട്രിക്ക്സ് ചർച്ച് കണ്ടപ്പോൾ ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി...”

അത് നന്നായി... എങ്കിൽ വരൂ... ഒരു ചായ കഴിച്ചിട്ട് പോകാം...” വൃദ്ധൻ പറഞ്ഞു.

                                                       ***
പൂജാവസ്തുക്കൾ കൊണ്ട് നിറഞ്ഞ ചെറിയ മുറിയിൽ ഡെവ്ലിൻ ഇരുന്നു. ഫാദർ മാർട്ടിൻ ഒരു ഇലക്ട്രിക്ക് കെറ്റിലിൽ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കുവാനുള്ള ഒരുക്കം തുടങ്ങി.

അപ്പോൾ, വൈദികവൃത്തിയിൽ ഏർപ്പെട്ടിട്ട് വളരെ നാളുകൾ ആയി എന്നാണോ...?” ഫാദർ മാർട്ടിൻ ചോദിച്ചു.

അതെ...” ഡെവ്ലിൻ തല കുലുക്കി. “1939 നവംബറിലാണ് സൈന്യത്തിലേക്ക് എന്നെ വിളിക്കുന്നത്...”

അത് ശരി... അങ്ങനെ താങ്കൾ ഒരു മിലിട്ടറി ചാപ്ലൻ ആയി...”

അതെ... സിസിലിയൻ അധിനിവേശത്തോടൊപ്പം...” ഡെവ്ലിൻ പറഞ്ഞു.

അവിടെ ശരിക്കും ബുദ്ധിമുട്ടി അല്ലേ...?” കപ്പിലേക്ക് പകർന്ന ചായയും കണ്ടൻസ്ഡ് മിൽക്കിന്റെ ഒരു തുറന്ന ടിന്നും ഫാദർ മാർട്ടിൻ ഡെവ്ലിന്റെ മുന്നിൽ കൊണ്ടുവന്ന് വച്ചു.

അത് പിന്നെ പറയാനുണ്ടോ...”  ഡെവ്ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “ഇവിടെയും അത് തന്നെയായിരുന്നല്ലോ അവസ്ഥ... ജർമ്മൻകാരുടെ ബ്ലിറ്റ്സ് ബോംബിങ്ങ്... ലണ്ടൻ ഡോക്കിലായിരുന്നല്ലോ ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ചത്...”

അതെ... ശരിക്കും കഷ്ടപ്പെട്ടു...” ഫാദർ മാർട്ടിൻ തന്റെ കപ്പ് എടുത്ത് അല്പം ചായ നുണഞ്ഞു. “ഇപ്പോഴും അത് തുടരുന്നു... താങ്കൾക്കറിയുമോ, ആരും ആവശ്യപ്പെട്ടിട്ടല്ല ഞാൻ ഇവിടെ ജോലി ചെയ്യുന്നത്... കളഞ്ഞിട്ട് പോകാൻ മനസ്സ് വരുന്നില്ല...”

അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾക്ക് ചെവി കൊടുക്കുന്നതിൽ ഡെവ്ലിന് അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സംഭാഷണം തുടർന്നു കൊണ്ട് പോകേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു.

സിഗരറ്റ് വാങ്ങാനായി ഇവിടെ അടുത്തുള്ള ഒരു പബ്ബിൽ ഞാൻ കയറിയിരുന്നു... ബാർഗീ എന്നാണെന്ന് തോന്നുന്നു അതിന്റെ പേര്... അവിടുത്തെ പെൺകുട്ടിയാണ് ദേവാലയത്തിന്റെ കാര്യവും അതോടൊപ്പം താങ്കളുടെ പേരും പറഞ്ഞത്...” ഡെവ്ലിൻ പറഞ്ഞു.

ആഹ്... മാഗി ബ്രൗൺ... അവളായിരിക്കും അത്...”

ഇവിടെ ഒരു അഭയ കേന്ദ്രമുണ്ടല്ലോ... സെന്റ് മേരീസ് പ്രിയോറി... അവിടെയുള്ളവരെ കുമ്പസരിപ്പിക്കുന്ന ചുമതലയും താങ്കൾക്ക് തന്നെയാണെന്ന് അവൾ പറഞ്ഞു...”

ശരിയാണ്...”

എല്ലാം കൂടി ചെയ്യാൻ പറ്റുന്നതിലും അധികം ജോലി കാണുമല്ലോ ഫാദർ...”

അതെ... പക്ഷേ, എന്തു ചെയ്യാം... നമുക്ക് പറഞ്ഞിട്ടുള്ള ജോലി ചെയ്തല്ലേ പറ്റൂ...” അദ്ദേഹം വാച്ചിൽ നോക്കി. “സത്യം പറഞ്ഞാൽ അല്പസമയത്തിനകം എനിക്കവിടെ എത്തണം... റൗണ്ട്സിന് പോകാനുള്ളതാണ്...” ഫാദർ മാർട്ടിൻ പറഞ്ഞു.

ധാരാളം രോഗികളുമുണ്ടോ അവിടെ...?”

ഉണ്ട്... ഏതാണ്ട് പതിനഞ്ചോളം... ചിലപ്പോൾ ഇരുപത് വരെയെത്താറുണ്ട്... എല്ലാം മരണം സുനിശ്ചിതമായവർ... പിന്നെ ചില സ്പെഷൽ കേസുകളുമുണ്ട്... അപകടത്തിൽ പെട്ട് മുറിവേറ്റ സൈനികർ... പൈലറ്റുമാർ... മനസ്സിലാവുന്നുണ്ടോ താങ്കൾക്ക്...?”

തീർച്ചയായും...” ഡെവ്ലിൻ പറഞ്ഞു. “മുമ്പ് ഒരു ദിവസം വഴി വന്നപ്പോൾ ഏതാനും മിലിട്ടറി പോലീസുകാർ ഉള്ളിലേക്ക് പോകുന്നത് കണ്ടിരുന്നു... അതിൽ ഒരു അപാകത തോന്നാതെയുമിരുന്നില്ല... അതായത് ഒരു അഭയകേന്ദ്രത്തിൽ മിലിട്ടറി പോലീസുകാർക്ക് എന്ത് കാര്യമെന്ന്...”

വെൽ... അതിനൊരു കാരണമുണ്ട്... യുദ്ധത്തിൽ പിടിക്കപ്പെടുന്ന ജർമ്മൻ സൈനികരെ ചിലപ്പോഴൊക്കെ മുകളിലത്തെ നിലയിൽ തടങ്കലിൽ പാർപ്പിക്കാറുണ്ട്... അവരുടെ കൂടുതൽ വിവരങ്ങളൊന്നും ഞാൻ തിരക്കാറില്ല... പക്ഷേ, സ്പെഷൽ കേസുകളാണെന്ന് മാത്രം അറിയാം...”

, അതാണല്ലേ മിലിട്ടറി പോലീസുകാരുടെ സാന്നിദ്ധ്യം... ആട്ടെ, ഇപ്പോൾ ആരെങ്കിലുമുണ്ടോ അവിടെ...?”

ഉണ്ട്... ഒരു ലുഫ്ത്വാഫ് കേണൽ... നല്ലൊരു മനുഷ്യനാണ്... വർഷങ്ങളോളം കുർബ്ബാന പോലും കൂടാതെ നടന്നിരുന്ന അയാളെ അതിൽ പങ്കെടുപ്പിക്കാൻ എനിക്കായി...” ഫാദർ മാർട്ടിൻ പറഞ്ഞു.

വെരി ഇന്ററസ്റ്റിങ്ങ്...”

വെൽ... എനിക്ക് ഇറങ്ങേണ്ട സമയമായി...” വൃദ്ധൻ എഴുന്നേറ്റ് റെയിൻകോട്ട് എടുക്കുവാനായി നീങ്ങി. അത് ധരിക്കുവാൻ ഡെവ്ലിൻ അദ്ദേഹത്തെ സഹായിച്ചു. ഇരുവരും ചേർന്ന് പുറത്തേക്ക് ഇറങ്ങവെ ഡെവ്ലിൻ പറഞ്ഞു. “ഫാദർ, ഞാൻ ആലോചിക്കുകയായിരുന്നു... ഞാനിവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ നടക്കുകയാണ്... ധാരാളം സമയവുമുണ്ട്... താങ്കളാണെങ്കിൽ അമിത ജോലിഭാരവുമായി കഷ്ടപ്പെടുകയും ചെയ്യുന്നു... എന്നാലാവുന്ന എന്തെങ്കിലും സഹായങ്ങൾ ചെയ്തു തരുന്നതിൽ വിരോധമുണ്ടോ...? ചുരുങ്ങിയത്, കുറച്ച് പേരുടെ കുമ്പസാരം കേൾക്കുക എന്ന ജോലിയെങ്കിലും...?”

അതിനെന്താ... തീർച്ചയായും... താങ്കളുടെ നല്ല മനസ്സിന് വളരെ നന്ദി...” ഫാദർ മാർട്ടിൻ പറഞ്ഞു.

ഇത്രയും ലളിതമായി കാര്യങ്ങൾ നടക്കുന്നത് ഡെവ്ലിന്റെ ജീവിതത്തിൽ ഇതാദ്യമായിട്ടാണ്. സന്തോഷം പുറത്തു കാണിക്കാതെ അദ്ദേഹം തുടർന്നു. “എന്തൊക്കെയാണ് പ്രിയോറിയിൽ താങ്കളുടെ ജോലി എന്ന് കാണാൻ എനിക്കാഗ്രഹമുണ്ട്...”

അതിനെന്താ, എന്റെ കൂടെ വന്നോളൂ...” വൃദ്ധൻ അദ്ദേഹത്തെയും കൊണ്ട് ദേവാലയത്തിന്റെ പടവുകൾ ഇറങ്ങി.

                                                            ***
സെന്റ് മേരീസ് പ്രിയോറിയിലെ ചാപ്പലിൽ വല്ലാതെ ഈർപ്പം  നിറഞ്ഞ് നിൽക്കുന്നതു പോലെ ഡെവ്‌ലിന് തോന്നി. താഴെ അൾത്താരയിലേക്ക് നടക്കവെ അദ്ദേഹം ചോദിച്ചു. “ഇവിടെങ്ങും ഈർപ്പമാണല്ലോ... അതെന്താ അങ്ങനെ...?”

“അതെ... താഴത്തെ നിലവറയിൽ വർഷങ്ങളായി വെള്ളം കയറുന്നുണ്ട്... പലപ്പോഴും ഏതാണ്ട് പൂർണ്ണമായും മുങ്ങും... സാമ്പത്തിക ഞെരുക്കം  മൂലം അറ്റകുറ്റപ്പണികളൊന്നും ചെയ്യാറില്ല...”

അല്പമകലെ വെളിച്ചം കുറഞ്ഞ മൂലയിൽ ഇരുമ്പുപട്ട കൊണ്ട് ബലപ്പെടുത്തിയ ഒരു ഓക്ക് ഡോർ ഡെവ്‌ലിന്റെ ശ്രദ്ധയിൽ പതിഞ്ഞു. “അതാണോ അങ്ങോട്ടുള്ള വാതിൽ...?”

“അതെ... പക്ഷേ, അങ്ങോട്ടൊന്നും ആരും ഇപ്പോൾ പോകാറില്ല...”

“ഇതുപോലൊരു പ്രശ്നം ഫ്രാൻസിലെ ഒരു ദേവാലയത്തിലും കാണുവാനിടയായി... ഞാനിതൊന്ന് പോയി നോക്കിയിട്ട് വരട്ടെ...?” ഡെവ്‌ലിൻ ചോദിച്ചു.

“അതിനെന്താ...? തീർച്ചയായും...”

ഓടാമ്പൽ നീക്കി കതക് തുറന്ന് അദ്ദേഹം താഴോട്ടുള്ള പടവുകൾ പാതിയോളം ഇറങ്ങി. ഇരുട്ട് കാഴ്ച്ചയെ മറച്ചപ്പോൾ സിഗരറ്റ് ലൈറ്റർ കത്തിച്ച് അദ്ദേഹം ചുറ്റിനും നോക്കി. പടവുകൾ അവസാനിക്കുന്നിടത്ത് വെള്ളം കയറിക്കിടക്കുകയാണ്. ഏതാണ്ട് മുഴുവനായും മുങ്ങിക്കിടക്കുന്ന കല്ലറകൾ അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു. അതിനുപ്പുറത്തായി കാണുന്ന ഇരുമ്പുഗ്രില്ലിനുള്ളിൽക്കൂടി ദുർഗന്ധം വമിക്കുന്ന മലിനജലം ഓളംവെട്ടി ഉള്ളിലേക്ക് അടിച്ച് കയറുന്നു.

“ശരിയാണ് ഫാദർ... ഇത് നേരെയാക്കണമെങ്കിൽ അത്ര എളുപ്പമല്ല...” ഡെവ്‌‌ലിൻ ഉറക്കെ പറഞ്ഞു.

“ഞാൻ പറഞ്ഞില്ലേ... പിന്നെ, തിരികെ വരുമ്പോൾ ആ ഓടാമ്പൽ ഇടാൻ മറക്കണ്ട...” ആ വൃദ്ധൻ മുകളിൽ നിന്നും വിളിച്ചു പറഞ്ഞു. “അബദ്ധത്തിൽ ആരും അങ്ങോട്ടിറങ്ങി അപകടത്തിൽ പെടരുതല്ലോ...”

മുകളിലെത്തിയ ഡെവ്‌ലിൻ കതകിന്റെ ഓടാമ്പൽ ശക്തിയായി വലിച്ചിട്ടു. അതിന്റെ ശബ്ദം ആ ചാപ്പലിൽ എങ്ങും മുഴങ്ങി. പിന്നെ തൊട്ടടുത്ത നിമിഷം തന്നെ ശബ്ദമുണ്ടാക്കാതെ അതീവശ്രദ്ധയോടെ അത് വീണ്ടും പിറകോട്ട് മാറ്റിയിട്ടു. വെളിച്ചം ഒട്ടുമില്ലാത്ത ആ മൂലയിൽ കതകിന്റെ ഓടാമ്പൽ തുറന്ന് കിടക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടാനുള്ള സാദ്ധ്യത വളരെ വിരളമാണെന്ന് വേണം പറയുവാൻ. ഫാദർ മാർട്ടിന്റെയരികിൽ എത്തിയതും ഇരുവരും പുറത്തേക്കുള്ള വാതിലിന് നേർക്ക് നീങ്ങി. ഡോർ തുറന്ന അവർ കണ്ടത് തന്റെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങുന്ന സിസ്റ്റർ മരിയാ പാമറെയാണ്.

“ആഹ്, സിസ്റ്റർ എത്തിയല്ലോ...” ഫാദർ മാർട്ടിൻ പറഞ്ഞു. “ഇവിടെ എത്തിയപ്പോൾ ഞാൻ നോക്കിയിരുന്നു... പക്ഷേ, നിങ്ങളെ ഇവിടെ കണ്ടില്ല... ഞാൻ ഫാദർ കോൺലണെ...” ചിരിച്ചു കൊണ്ട് അദ്ദേഹം തിരുത്തി. “അല്ല... മേജർ കോൺലണെ നമ്മുടെ ചാപ്പലൊക്കെ ഒന്ന് കാണിച്ചു കൊടുക്കുകയായിരുന്നു... എന്നോടൊപ്പം റൗണ്ട്സിന് ഇന്ന് ഇദ്ദേഹവും ഉണ്ടാകും...”

“ഫാദർ എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം...” അവർക്ക് ഹസ്തദാനം നൽകിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “പരിചയപ്പെടാനായതിൽ സന്തോഷം സിസ്റ്റർ...”

“സിസിലിയിൽ വച്ച് പരിക്കേറ്റതാണ് ഇദ്ദേഹത്തിന്...” ഫാദർ മാർട്ടിൻ പറഞ്ഞു.

“അത് ശരി... അതേത്തുടർന്നാണോ അവർ ലണ്ടനിലേക്ക് പോസ്റ്റിങ്ങ് തന്നത്...?”

“ഓ, നോ... ഞാനിപ്പോഴും സിക്ക് ലീവിലാണ്... ഏതാനും ദിവസം ഈ പരിസരങ്ങളിലൊക്കെ ഉണ്ടാകും... ഇത് വഴി കടന്ന് പോയപ്പോഴാണ് ദേവാലയത്തിൽ വച്ച് ഫാദർ മാർട്ടിനെ കാണുവാനിടയായത്...” ഡെവ്‌ലിൻ പറഞ്ഞു.

“ദേവാലയത്തിലെ ജോലികളിൽ എന്നെ അല്പം സഹായിക്കാനുള്ള മഹാമനസ്കതയും ഇദ്ദേഹം പ്രകടിപ്പിച്ചു... കുമ്പസാരം കേൾക്കുക തുടങ്ങിയ കാര്യങ്ങളിൽ...” ഫാദർ മാർട്ടിൻ പറഞ്ഞു.

“അത് നന്നായി... താങ്കൾക്ക് അല്പം വിശ്രമം ആവശ്യമാണ് ഫാദർ... എന്നാൽ ശരി, നമുക്ക് റൗണ്ട്സിന് പോയാലോ...?” സിസ്റ്റർ മരിയാ പാമർ ചോദിച്ചു.

മുകളിലത്തെ നിലയിലേക്കുള്ള പടവുകൾ കയറവെ അവർ തുടർന്നു. “ബൈ ദി വേ... ലെഫ്റ്റ്നന്റ് ബെൻസൻ ഒരു മൂന്ന് ദിവസത്തെ അവധിക്ക് പോയിരിക്കുകയാണ്... പകരം ആ ചെറുപ്പക്കാരൻ സെർജന്റാണ് ഇൻ ചാർജ്ജ്... എന്താണവന്റെ പേര്..? മോർഗൻ... അങ്ങനെയല്ലേ...?”

“ആ വെയ്‌ൽസ്കാരൻ പയ്യനല്ലേ...?” മാർട്ടിൻ ചോദിച്ചു. “ആഹ്, പിന്നെ, ഇന്നലെ രാത്രി ഞാൻ സ്റ്റെയ്നറെ സന്ദർശിച്ചിരുന്നു... നിങ്ങളോ...?”

“ഇല്ല... കാണാൻ സാധിച്ചില്ല... താങ്കൾ പോയതിന് ശേഷം ഒരു എമർജൻസി അഡ്മിഷൻ ഉണ്ടായിരുന്നു ഫാദർ... പിന്നെ സമയം ലഭിച്ചില്ല... സാരമില്ല, ഇപ്പോൾ പോയി കാണാം... പെൻസിലിൻ അദ്ദേഹത്തിന്റെ ചെസ്റ്റ് ഇൻഫെക്ഷൻ എല്ലാം ഭേദമാക്കിക്കാണുമെന്ന് കരുതുന്നു...” അവർ പറഞ്ഞു.

സ്റ്റെയർകെയ്സിന്റെ പടവുകൾ കയറുന്ന അവരെ ഫാദർ മാർട്ടിനും ഡെവ്‌ലിനും അനുഗമിച്ചു.

                                                   ***
ഒരു റൂമിൽ നിന്നും മറ്റൊന്നിലേക്ക് ഓരോ രോഗിയുടെയും സുഖവിവരങ്ങൾ ആരാഞ്ഞ് കൊണ്ട് ഏറ്റവും മുകളിലത്തെ നിലയിൽ എത്തിയപ്പോഴേക്കും അര മണിക്കൂർ കടന്നു പോയിരുന്നു. വാതിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മിലിട്ടറി പോലീസുകാരൻ ഡെവ്‌ലിനെ കണ്ടതും ചാടി എഴുന്നേറ്റ് സല്യൂട്ട് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മിലിട്ടറി പോലീസുകാരൻ തുറന്നു കൊടുത്ത വാതിലിലൂടെ അവർ അകത്തു കടന്നു.

ബെൻസന്റെ റൂമിൽ ഇരുന്നിരുന്ന ചെറുപ്പക്കാരൻ സെർജന്റ് എഴുന്നേറ്റ് പുറത്തേക്ക് വന്നു. “ഹലോ സിസ്റ്റർ... ഹലോ ഫാദർ മാർട്ടിൻ...”

“ഗുഡ് മോണിങ്ങ് സെർജന്റ് മോർഗൻ...” സിസ്റ്റർ മരിയാ പാമർ പ്രത്യഭിവാദ്യം നൽകി. “ഞങ്ങൾ കേണൽ സ്റ്റെയ്നറെ കാണാൻ വന്നതാണ്...”

“ഐ സീ...” ഡെവ്‌ലിന്റെ യൂണിഫോമിലേക്കും ഡോഗ് കോളറിലേക്കും സംശയ ദൃഷ്ടിയോടെ ഒന്ന് നോക്കിയിട്ട് മോർഗൻ പറഞ്ഞു.

“ഇന്നത്തെ റൗണ്ട്സിന് ഞങ്ങളോടൊപ്പം മേജർ കോൺലണുമുണ്ട്...” സിസ്റ്റർ മരിയ അയാളോട് പറഞ്ഞു.

ഡെവ്‌ലിൻ പേഴ്സ് തുറന്ന് തന്റെ തിരിച്ചറിയൽ കാർഡ് പുറത്തെടുത്ത് അയാളുടെ നേർക്ക് നീട്ടി. ഷെല്ലെൻബെർഗിന്റെ ഓഫീസിൽ നിന്നും തയ്യാറാക്കി കൊടുത്ത അൺലിമിറ്റഡ് ആക്സസ്സ് ഉള്ള വ്യാജ വാർ ഓഫീസ് പാസ്സ് ആയിരുന്നു അത്.

“നിങ്ങളുടെ സംശയം തീർക്കാൻ അത് മതിയാവുമെന്ന് തോന്നുന്നു, സെർജന്റ്...” ഡെവ്‌ലിൻ പറഞ്ഞു.

മോർഗർ അത് വാങ്ങി പരിശോധിച്ചു. “ഇതിലെ വിവരങ്ങൾ ഞാൻ അഡ്മിറ്റൻസ് ഷീറ്റിൽ ഒന്ന് കുറിച്ച് വച്ചോട്ടെ സർ...” അതിലെ വിവരങ്ങൾ ലോഗ് ബുക്കിൽ കുറിച്ച് വച്ചിട്ട് അയാൾ കാർഡ് തിരിച്ചു നൽകി. “ഇതിലെ വന്നാലും സർ...”

ഇടനാഴിയുടെ അറ്റത്തേക്ക് സെർജന്റ് മോർഗൻ അവരെ നയിച്ചു. അവിടെയുണ്ടായിരുന്ന മിലിട്ടറി പോലീസുകാരന്റെ നേർക്ക് ആംഗ്യം കാണിച്ചതും അയാൾ വാതിൽ തുറന്നു കൊടുത്തു. സിസ്റ്റർ മരിയ ആണ് ആദ്യം ഉള്ളിൽ കടന്നത് പിന്നാലെ ഫാദർ മാർട്ടിനും അദ്ദേഹത്തിന് പിന്നിൽ ഡെവ്‌ലിനും. മിലിട്ടറി പോലീസുകാരൻ കതക് അടച്ച് പുറത്തു നിന്നും ലോക്ക് ചെയ്തു.

ജാലകത്തിനരികിൽ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന സ്റ്റെയ്നർ എഴുന്നേറ്റു. “ഹൗ ആർ യൂ റ്റുഡേ, കേണൽ...?” സിസ്റ്റർ മരിയാ പാമർ ആരാഞ്ഞു.

“ഫൈൻ, സിസ്റ്റർ...”

“അയാം സോറി... ഇന്നലെ രാത്രിയിൽ താങ്കളെ സന്ദർശിക്കാൻ സാധിച്ചില്ല... ഒരു എമർജൻസി കേസ് ഉണ്ടായിരുന്നു... പക്ഷേ, ഫാദർ മാർട്ടിൻ ഇന്നലെ താങ്കളെയടുത്ത് വന്നിരുന്നു എന്ന് പറഞ്ഞു...” സിസ്റ്റർ മരിയ ചിരിച്ചു.

“അതെ... പതിവ് പോലെ...”

“ബൈ ദി വേ, ദിസ് ഈസ് മേജർ കോൺലൺ...” ഫാദർ മാർട്ടിൻ പറഞ്ഞു. “മാത്രമല്ല, ഒരു ആർമി ചാപ്ലൻ കൂടിയാണ്... സിക്ക് ലീവിലാണ് ഇപ്പോൾ... താങ്കളെപ്പോലെ തന്നെ... യുദ്ധനിരയിൽ സംഭവിച്ച പരിക്കിനേത്തുടർന്ന്...”

സൗഹൃദഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട് ഡെവ്‌ലിൻ ഹസ്തദാനത്തിനായി കൈ നീട്ടി. “എ ഗ്രേറ്റ് പ്ലെഷർ, കേണൽ...”

കുർട്ട് സ്റ്റെയ്നർ അപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ശ്രദ്ധിച്ചത്. യാതൊരു വിധ ഭാവഭേദവും തന്റെ മുഖത്ത് പ്രത്യക്ഷപ്പെടാതിരിക്കാൻ ഒരു പക്ഷേ, ജീവിതത്തിൽ  ആദ്യമായിട്ടായിരിക്കും അദ്ദേഹം ഇത്രയും പാടുപെട്ടിട്ടുണ്ടാകുക. ഡെവ്‌ലിന്റെ വേഷവും പറ്റെ വെട്ടിയ നരച്ച തലമുടിയും കണ്ട് ചിരിക്കണോ അതോ കരയണോ എന്നറിയാത്ത അവസ്ഥ...

“ഞാൻ മേജർ കോൺലൺ...” സ്റ്റെയ്നറുടെ കൈ തന്റെ കരതലത്തിലാക്കി ഒന്ന് ഞെരുക്കിയിട്ട് ഡെവ്‌ലിൻ പറഞ്ഞു.

“എവിടെ വച്ച് പരിക്കേറ്റു എന്നാണ് പറഞ്ഞത്...?” സ്റ്റെയ്നർ ചോദിച്ചു.

“സിസിലിയിൽ വച്ച്...” ഡെവ്‌ലിൻ പറഞ്ഞു.

“സിസിലിയിലെ ആക്രമണം... ശരിക്കും ബുദ്ധിമുട്ടിക്കാണുമല്ലോ...”

“വെൽ... അങ്ങനെ ചോദിച്ചാൽ എനിക്ക് പറയാൻ കഴിയില്ല... ഇറങ്ങിയ ആദ്യനാളിൽ തന്നെ എനിക്കുള്ളത് ലഭിച്ചു...” ജാലകത്തിനരികിലേക്ക് നടന്ന് അദ്ദേഹം നദീതീരത്തിന് സമാന്തരമായി പോകുന്ന റോഡിലേക്ക് കണ്ണോടിച്ചു. “ഇവിടെ നിന്നാൽ നല്ല കാഴ്ച്ചയാണല്ലോ... അതാ അവിടെ ആ പടവുകളും ചെറിയ ആ ബീച്ചും ഇരുദിശകളിലേക്കും പൊയ്ക്കൊണ്ടിരിക്കുന്ന ബോട്ടുകളും എല്ലാം... എത്ര മനോഹരമായ ദൃശ്യം...”

“അതെ... നേരം പോകാൻ നല്ല മാർഗ്ഗമാണ്...” സ്റ്റെയ്നർ പറഞ്ഞു.

 “എന്നാൽ നമുക്കിനി ഇറങ്ങാം...?” അവരെ നോക്കിയിട്ട് സിസ്റ്റർ മരിയ കതകിൽ ചെറുതായി മുട്ടി.

ഫാദർ മാർട്ടിൻ സ്റ്റെയ്നറുടെ ചുമലിൽ കൈ വച്ചു. “രാത്രി എട്ട് മണിക്ക് ഞാൻ ചാപ്പലിലെ കുമ്പസാരക്കൂട്ടിൽ ഉണ്ടായിരിക്കും... മറക്കണ്ട... എല്ലാ പാപികൾക്കും സ്വാഗതം...”

“അത് പറഞ്ഞപ്പോഴാണ് ഓർത്തത്... ഫാദർ, താങ്കളുടെ അമിതജോലിഭാരത്തിൽ നിന്നും ഒരാശ്വാസത്തിനായി ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തു തരാമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ... ഇന്ന് രാത്രി ഞാനായിരിക്കും ആ കൂട്ടിൽ ഇരിക്കാൻ പോകുന്നത്...” ഡെവ്‌ലിൻ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “ബട്ട് യൂ ആർ സ്റ്റിൽ വെൽക്കം, കേണൽ...”

“താങ്കൾക്കതൊരു ബുദ്ധിമുട്ടാവില്ലെന്നത് തീർച്ചയാണോ...?” ഫാദർ മാർട്ടിൻ ചോദിച്ചു.

പുറത്തേക്കുള്ള വാതിൽ തുറക്കവെ സിസ്റ്റർ മരിയാ പാമർ പറഞ്ഞു. “വളരെ നല്ല ആശയം...”

മൂവരും പുറത്ത് കടന്ന് ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി. മോർഗൻ അവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു.

“ഒരു കാര്യം കൂടി...” ഫാദർ മാർട്ടിൻ പറഞ്ഞു. “എന്നും ഏഴു മണിക്കാണ് ഞാൻ തുടങ്ങുന്നത്... മറ്റുള്ളവരുടെയെല്ലാം കുമ്പസാരം കഴിഞ്ഞ് പോയതിന് ശേഷം എട്ടു മണിയോടെയാണ് മിലിട്ടറി പോലീസുകാർ സ്റ്റെയ്നറെ കൊണ്ടുവരുന്നത്... അവർക്ക് സൗകര്യം അതാണത്രെ...”

“അപ്പോൾ ഏറ്റവും ഒടുവിലാണ് താങ്കൾ അദ്ദേഹത്തെ കാണുക എന്ന് സാരം...”

“അതെ...”

“നോ പ്രോബ്ലം...” ഡെവ്‌ലിൻ പറഞ്ഞു.

സ്വീകരണമുറിയിൽ എത്തിയതും കാവൽക്കാരൻ റെയിൻകോട്ടുകൾ എടുത്ത് അവർക്ക് നൽകി.

“അപ്പോൾ രാത്രി കാണാം മേജർ...” സിസ്റ്റർ മരിയാ പാമർ ഡെവ്‌ലിനോട് പറഞ്ഞു.

“തീർച്ചയായും സിസ്റ്റർ... അത് തന്നെയാണ് എന്റെയും പ്രതീക്ഷ...” ആ വൃദ്ധവൈദികനോടൊപ്പം ഡെവ്‌ലിൻ വെളിയിലേക്കുള്ള പടവുകളിറങ്ങി.

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...